Ezekiel 20
Sathyavedapusthakam (Malayalam Bible) published in 1910
Translation: MAL1910
1ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു.Select Ezekiel 20:1
2അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:Select Ezekiel 20:2
3മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോടു അരുളപ്പാടു ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.Select Ezekiel 20:3
4മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു:Select Ezekiel 20:4
5യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയൎത്തി സത്യംചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവൎക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയൎത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.Select Ezekiel 20:5
6ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവൎക്കുവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സൎവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയൎത്തി സത്യംചെയ്തു.Select Ezekiel 20:6
7അവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.Select Ezekiel 20:7
8അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപം അവരിൽ നിവൎത്തിക്കും എന്നും അരുളിച്ചെയ്തു.Select Ezekiel 20:8
9എങ്കിലും അവരുടെ ചുറ്റും പാൎക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവൎത്തിച്ചു.Select Ezekiel 20:9
10അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു.Select Ezekiel 20:10
11ഞാൻ എന്റെ ചട്ടങ്ങളെ അവൎക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.Select Ezekiel 20:11
12ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവൎക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവൎക്കു കൊടുത്തു.Select Ezekiel 20:12
13യിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.Select Ezekiel 20:13
14എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാൻ അതിൻ നിമിത്തം പ്രവൎത്തിച്ചു.Select Ezekiel 20:14
15അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേൎന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽSelect Ezekiel 20:15
16ഞാൻ അവൎക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സൎവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടുവരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയൎത്തി സത്യം ചെയ്തു.Select Ezekiel 20:16
17എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.Select Ezekiel 20:17
18ഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;Select Ezekiel 20:18
19ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിൻ;Select Ezekiel 20:19
20എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.Select Ezekiel 20:20
21എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപം അവരിൽ നിവൎത്തിക്കും എന്നു അരുളിച്ചെയ്തു.Select Ezekiel 20:21
22എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവൎത്തിക്കയും ചെയ്തു.Select Ezekiel 20:22
23അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,Select Ezekiel 20:23
24ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്നു മരുഭൂമിയിൽവെച്ചു കൈ ഉയൎത്തി അവരോടു സത്യം ചെയ്തു.Select Ezekiel 20:24
25ഞാൻ അവൎക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു.Select Ezekiel 20:25
26ഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.Select Ezekiel 20:26
27അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.Select Ezekiel 20:27
28അവൎക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയൎത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയൎന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അൎപ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.Select Ezekiel 20:28
29നിങ്ങൾ പോകുന്ന പൂജാഗിരി എന്തു എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു.Select Ezekiel 20:29
30അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മൎയ്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേൎന്നു പരസംഗം ചെയ്വാനും പോകുന്നുവോ?Select Ezekiel 20:30
31നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 20:31
32നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.Select Ezekiel 20:32
33എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 20:33
34ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും.Select Ezekiel 20:34
35ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.Select Ezekiel 20:35
36മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 20:36
37ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.Select Ezekiel 20:37
38എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാൎക്കുന്ന രാജ്യത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്തു അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.Select Ezekiel 20:38
39യിസ്രായേൽഗൃഹമേ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്നു ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.Select Ezekiel 20:39
40എന്റെ വിശുദ്ധപൎവ്വതത്തിൽ, യിസ്രായേലിന്റെ ഉന്നത പൎവ്വതത്തിൽ തന്നേ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.Select Ezekiel 20:40
41ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.Select Ezekiel 20:41
42നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയൎത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.Select Ezekiel 20:42
43അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓൎക്കും; നിങ്ങൾ ചെയ്ത സകലദോഷവുംനിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നേ വെറുപ്പുതോന്നും.Select Ezekiel 20:43
44യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാൻ നിങ്ങളോടു പ്രവൎത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 20:44
45യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:Select Ezekiel 20:45
46മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു:Select Ezekiel 20:46
47യഹോവയുടെ വചനം കേൾക്ക; യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.Select Ezekiel 20:47
48യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.Select Ezekiel 20:48
49അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കൎത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നതു എന്നു അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.Select Ezekiel 20:49
Sathyavedapusthakam (Malayalam Bible) published in 1910 (MAL1910) · Public Domain