Ezekiel 39
Sathyavedapusthakam (Malayalam Bible) published in 1910
Translation: MAL1910
1നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.Select Ezekiel 39:1
2ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു, യിസ്രായേൽപൎവ്വതങ്ങളിൽ വരുത്തും.Select Ezekiel 39:2
3നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.Select Ezekiel 39:3
4നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപൎവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.Select Ezekiel 39:4
5നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 39:5
6മാഗോഗിലും തീരപ്രദേശങ്ങളിൽ നിൎഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയുംSelect Ezekiel 39:6
7ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.Select Ezekiel 39:7
8ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.Select Ezekiel 39:8
9യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവർ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും.Select Ezekiel 39:9
10പറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവൎച്ച ചെയ്തവരെ കവൎച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 39:10
11അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കൎക്കു അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും.Select Ezekiel 39:11
12യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീൎത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.Select Ezekiel 39:12
13ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവൎക്കു കീൎത്തിയായിരിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 39:13
14ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും.Select Ezekiel 39:14
15ദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിന്നരികെ ഒരു അടയാളം വെക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കം ചെയ്യും.Select Ezekiel 39:15
16ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.Select Ezekiel 39:16
17മനുഷ്യപുത്രാ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതു: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിന്നു ഞാൻ യിസ്രായേൽപൎവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തുനിന്നും വന്നുകൂടുവിൻ.Select Ezekiel 39:17
18നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ.Select Ezekiel 39:18
19ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.Select Ezekiel 39:19
20ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 39:20
21ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകലജാതികളും കാണും.Select Ezekiel 39:21
22അങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.Select Ezekiel 39:22
23യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവൎക്കു മറെച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും.Select Ezekiel 39:23
24അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവൎത്തിച്ചു എന്റെ മുഖം അവൎക്കു മറെച്ചു.Select Ezekiel 39:24
25അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും.Select Ezekiel 39:25
26ഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിച്ചശേഷംSelect Ezekiel 39:26
27ആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിൎഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സൎവ്വദ്രോഹങ്ങളും മറക്കും.Select Ezekiel 39:27
28ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.Select Ezekiel 39:28
29ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകൎന്നിരിക്കയാൽ ഇനി എന്റെ മുഖം അവൎക്കു മറെക്കയുമില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.Select Ezekiel 39:29
Sathyavedapusthakam (Malayalam Bible) published in 1910 (MAL1910) · Public Domain