Proverbs 4
Sathyavedapusthakam (Malayalam Bible) published in 1910
Translation: MAL1910
1മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.Select Proverbs 4:1
2ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.Select Proverbs 4:2
3ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;Select Proverbs 4:3
4അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.Select Proverbs 4:4
5ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.Select Proverbs 4:5
6അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;Select Proverbs 4:6
7ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.Select Proverbs 4:7
8അതിനെ ഉയൎത്തുക; അതു നിന്നെ ഉയൎത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.Select Proverbs 4:8
9അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.Select Proverbs 4:9
10മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീൎഘായുസ്സുണ്ടാകും.Select Proverbs 4:10
11ജ്ഞാനത്തിന്റെ മാൎഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.Select Proverbs 4:11
12നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.Select Proverbs 4:12
13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.Select Proverbs 4:13
14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുൎജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;Select Proverbs 4:14
15അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.Select Proverbs 4:15
16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവൎക്കു ഉറക്കം വരികയില്ല.Select Proverbs 4:16
17ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.Select Proverbs 4:17
18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.Select Proverbs 4:18
19ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.Select Proverbs 4:19
20മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.Select Proverbs 4:20
21അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.Select Proverbs 4:21
22അവയെ കിട്ടുന്നവൎക്കു അവ ജീവനും അവരുടെ സൎവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.Select Proverbs 4:22
23സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.Select Proverbs 4:23
24വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.Select Proverbs 4:24
25നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.Select Proverbs 4:25
26നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.Select Proverbs 4:26
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.Select Proverbs 4:27
Sathyavedapusthakam (Malayalam Bible) published in 1910 (MAL1910) · Public Domain